പോസ്‌റ്റ് ഓഫീസുകള്‍ ഇനിമുതല്‍ പോസ്‌റ്റ് ഷോപ്പി സെന്ററുകള്‍

mangalam malayalam online newspaper
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ പോസ്‌റ്റ് ഓഫീസില്‍ ഇനി മുതല്‍ ഒരു ഷോപ്പിംഗ്‌ ആകാം. സുഹൃത്തുക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും സമ്മാനങ്ങളും ആശംസാകാര്‍ഡുകളും അയക്കണമെങ്കില്‍ കാശുമായി പോസ്‌റ്റ് ഓഫീസില്‍ ചെന്നാല്‍ മാത്രം മതി. ഗിഫ്‌റ്റ് ഐറ്റങ്ങളും ആശംസാ കാര്‍ഡുകളും കൂടാതെ നമുക്ക്‌ ഇഷ്‌ടമുള്ള ചിത്രം പതിച്ച നിര്‍ദ്ദിഷ്‌ട സ്‌റ്റാമ്പും മൈ സ്‌റ്റാമ്പ്‌ പദ്ധതിയിലൂടെ ലഭ്യമാണ്‌. ഇതിനുപുറമെ ഗിഫ്‌റ്റ് അയയ്‌ക്കുന്നതിനുള്ള പാര്‍സല്‍ ബോക്‌സുകളുമുണ്ട്‌. തപാല്‍ വകുപ്പ്‌ നടപ്പാക്കുന്ന പുതിയ പദ്ധതിയായ പോസ്‌റ്റ് ഷോപ്പിയിലൂടെയാണ്‌ ഇത്തരം വിപണന സൗകര്യം ഒരുക്കുന്നത്‌.
കുടുംബശ്രീയുമായി ചേര്‍ന്ന്‌ കുടില്‍ വ്യവസായ ഉല്‍പ്പന്നങ്ങളായ പേന, പെന്‍സില്‍ തുടങ്ങി വര്‍ണാഭമായ പേപ്പര്‍ ആഭരണങ്ങള്‍ വരെ ഇവിടെ ലഭ്യമാകും. വയനാടന്‍ തേനും മറയൂരിന്റെ ശര്‍ക്കരയുംവില്‍പ്പനക്കായി എത്തും. ട്രൈഫെഡുമായി ചേര്‍ന്ന്‌ മറ്റ്‌ ഉല്‍പ്പന്നങ്ങളും വിപണനത്തിന്‌ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്‌. പെന്റല്‍ കമ്പനിയുടെ മൊബൈല്‍ ഫോണുകളാണ്‌ മറ്റൊരാകര്‍ഷണം. 1999 രൂപ വിലമതിക്കുന്ന ഒരു ഫോണ്‍ വാങ്ങുമ്പോള്‍ തുല്യ രൂപയുടെ ബി.എസ്‌.എന്‍.എല്‍. ടോക്ക്‌ ടൈം സൗജന്യമായി കിട്ടും.
ബുക്ക്‌ സ്‌റ്റാളുകളും എത്തുന്നുണ്ട്‌. മില്‍മയ്‌ക്ക് സമാനമായ അനേകം സംരംഭകര്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍, ഉള്‍പ്പെടുത്തണമെന്ന അപേക്ഷയുമായി എത്തിയിട്ടുണ്ടെന്ന്‌ പോസ്‌റ്റ് ഓഫീസ്‌ സൂപ്രണ്ട്‌ സി.ആര്‍. രാമകൃഷ്‌ണന്‍ അറിയിച്ചു.
കോര്‍ ബാങ്കിംഗ്‌ മേഖലയാണ്‌ തപാല്‍ വകുപ്പിന്റെ വരാനിരിക്കുന്ന പദ്ധതി. ഈ പദ്ധതിലുടെ ഇടപാടുകാര്‍ക്ക്‌ രൂപ, എ.ടി.എം. കാര്‍ഡ്‌, ചെക്ക്‌ ബുക്ക്‌ എന്നിവ ലഭ്യമാക്കാനും എ.ടി.എം കൗണ്ടറുകള്‍ തുടങ്ങാനും ലക്ഷ്യമിട്ടിട്ടുണ്ട്‌.

Comments